നെഗറ്റീവ് എനർജി പുറന്തള്ളാൻ തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പ്രാർത്ഥന നടത്തിയ സംഭവത്തിൽ തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ. ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെയാണ് സസ്പെൻറ് ചെയ്തത്. സെപ്റ്റംബർ 29 നാണ് ഓഫീസിലെ നെഗറ്റീവ് എനർജി മാറ്റാൻ പ്രാർഥന നടത്തിയത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും നിർദേശം നൽകിയിരുന്നു.
തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിലാണ് നെഗറ്റീവ് എനർജി ഒഴിപ്പിക്കാൻ പ്രാർത്ഥന നടത്തിയത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നിർദ്ദേശപ്രകാരമായിരുന്നു പ്രാർത്ഥന. ഓഫീസ് സമയം തീരും മുമ്പായിരുന്നു ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ നെഗറ്റീവ് എനർജി ഒഴിപ്പിക്കാൻ പ്രാർത്ഥന നടന്നത്. ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാർത്ഥിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന നടന്നത്. അഞ്ച് മിനിട്ടുകൊണ്ട് പ്രാർത്ഥന അവസാനിച്ചെങ്കിലും ഓഫീസിൽ നിന്ന് കരാർ ജീവനക്കാർ വിട്ടു പോകാൻ തുടങ്ങിയതോടെയാണ് പ്രാർത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കൽ വന്ന് തുടങ്ങിയത്. ഇതോടെ ആ ഓഫീസിലെ ഏഴുപേർ മാത്രം അറിഞ്ഞ രഹസ്യ പ്രാർത്ഥനയുടെ വിവരം പുറത്താവുകയായിരുന്നു. മാനസിക സംഘർഷം മാറാൻ പ്രാർത്ഥന നല്ലതാണെന്ന് സഹപ്രവർത്തകനായ വൈദിക വിദ്യാർത്ഥി പറഞ്ഞപ്പോൾ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം.