കുട്ടികളെ വെയിലത്ത് നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായം; എം.വി ​ഗോവിന്ദൻ

മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോൾ കുട്ടികൾ അഭിവാദ്യം ചെയ്താൽ എന്താണ് തെറ്റ്. കുട്ടികളെ വെയിലത്തു നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കേസ് എടുത്തത് ബാലാവകാശ കമീഷനോട് ചോദിക്കണം. കുട്ടികൾ അഭിവാദ്യം ചെയ്തതിനെ വക്രീകരിച്ചുവെന്നും നവകേരള സദസിനായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ എംവി ​ഗോവിന്ദൻ പ്രതികരിച്ചു. 

ലീഗിനെ പൊക്കാനുമില്ല താഴ്ത്താനുമില്ല. ജനാധിപത്യപരമായ കാര്യങ്ങളിൽ ലീഗ് ശരിയായ കാര്യങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. നവകേരള സദസിൽ കിട്ടുന്ന എല്ലാ പരാതികൾക്കും പരിഹാരം കാണുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജന സമ്പർക്ക പരിപാടിയും നവകേരള സദസ്സും തമ്മിൽ താരതമ്യമില്ല. ജനസമ്പർക്ക പരിപാടിയിൽ നൽകിയതിനെക്കാൾ ആറിരട്ടി അനുകൂല്യങ്ങൾ ആണ് ഇപ്പോൾ നൽകുന്നത്.

ജനസമ്പർക്കം ചില വ്യക്തികൾക്ക് സഹായം നൽകൽ മാത്രമാണ്. നവകേരള സദസ്സ് അങ്ങനെയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാജ്യദ്രോഹ കുറ്റമാണ് യൂത്ത് കോൺഗ്രസുകാർ ചെയ്തത്. അഖിലേന്ത്യ മുതൽ താഴെ തട്ട് വരെ തട്ടിപ്പിൽ പങ്കുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ ഗുരുതരമായ വെല്ലുവിളിയാണിത്. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കും വിധം ഗുരുതര പ്രശ്നമാണ്. പ്രതികൾക്കെതിരെ കൃത്യമായ വകുപ്പ് ചുമത്തുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കണം.

യൂത്ത് കോൺഗ്രസുകാരെ തല്ലി ഒതുക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ തല്ലി ഒതുക്കാമെങ്കിൽ ആദ്യം ഒതുങ്ങി പോകുമായിരുന്നത് തങ്ങളാണ്. ഇതിനൊക്കെ ഭരണകൂട സംവിധാനം ഇല്ലാതെ തന്നെ പ്രതിരോധിക്കാൻ തങ്ങൾക്കാകും. സമാധാനപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രകോപനം ഉണ്ടാക്കിയാലും അതിന് കീഴ്പ്പെടരുത്. പ്രതിപക്ഷ നേതാവിന് ഒന്നും മറുപടി പറയാൻ പറ്റില്ല. യാതൊരു ഗൗരവവുമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പ്രതിഷേധത്തിന് ഇല്ലെന്ന് ലീഗ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ. മാധ്യമങ്ങളുടെ സമീപനം ഇത് തന്നെയാണെങ്കിൽ ചർച്ചകൾ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരും. ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *