ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നടപടി; സർക്കാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ബില്ലുകളില്‍ ഒപ്പിടാന്‍ തയ്യാറാകാത്ത ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 18-ാം ഇനമായി കേരളാ സര്‍ക്കാരിന്റെ ഹര്‍ജ്ജി കേള്‍ക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ അറ്റോര്‍ണി ജനറലിനോടും സോളിസിറ്റര്‍ ജനറലിനോടും വിഷയത്തില്‍ നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

ഗവര്‍ണ്ണര്‍, ഗവര്‍ണ്ണറുടെ ഓഫിസിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയവരാണ് യഥാക്രമം കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള എതിര്‍ കക്ഷികള്‍. ഇതില്‍ ഗവര്‍ണ്ണര്‍ ഒഴിച്ചുള്ള മറ്റ് രണ്ട് കക്ഷികള്‍ക്കും ആണ് സുപ്രിം കോടതി നോട്ടീസ് നല്‍കിയിട്ടുള്ളത്. ഭരണ ഘടനയുടെ 168-ആം അനുചേദം അനുസരിച്ച് ഗവര്‍ണ്ണര്‍ നിയമ നിര്‍മ്മാണ സഭയുടെ ഭാഗമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദം. മുന്‍പ് അംഗികരിച്ച 3 ഒര്‍ഡിനന്‍സുകള്‍ ബില്ലുകളായി മുന്‍പില്‍ എത്തിയപ്പോള്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം. ഈ മൂന്ന് ബില്ലുകള്‍ക്ക് ഉള്‍പ്പടെ ആകെ 8 ബില്ലുകള്‍ക്ക് കഴിഞ്ഞ എഴ് മുതല്‍ അംഗികാരം നല്‍കിയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിനെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍, അഡ്വക്കേറ്റ് ജനറല്‍ ഗോപാലക്യഷ്ണക്കുറുപ്പ്, സ്റ്റാന്റിംഗ് കൌണ്‍സില്‍ സി.കെ ശശി , വി.മനു, സിദാന്ത് കോഹ്ലി, മിനാ കെ പൗലോസ് എന്നിവരാണ് പ്രതിനിധീകരിക്കുക. കേസില്‍ മന്ത്രിമാര്‍ക്ക് കൂടിക്കാഴ്ച അനുമതി ഗവര്‍ണ്ണര്‍ നിഷേധിച്ചു, മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചില്ല എന്നതടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അധിക സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *