കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ല:  ഡിസിപി കെ.എസ് സുദര്‍ശന്‍

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് കൊച്ചി ഡിസിപി കെ.എസ് സുദര്‍ശന്‍. കുസാറ്റില്‍ പരിപാടി നടക്കുന്നത് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്ന്  ഡിസിപി പറഞ്ഞു. പോലീസിനെ ആവശ്യപ്പെട്ടുള്ള ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നമുള്ളതിനാല്‍ പോലീസ് ഇവിടെ പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. പരിപാടിയുടെ അനുമതിക്കായി സംഘാടകര്‍ അപേക്ഷ നല്‍കിയിട്ടില്ല. കോളേജ് കോംപൗണ്ടിനകത്ത് പരിപാടി നടക്കാറുണ്ട്. അതിന് പോലീസിന്റെ അനുമതി ആവശ്യമില്ല. പരിപാടിയുടെ അനുമതിക്കായി അപേക്ഷിച്ചിരുന്നില്ല. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍ പറഞ്ഞു. നിര്‍ദേശം നല്‍കിയതനുസരിച്ച് ആറു പോലീസുകാര്‍ വന്നിരുന്നു. എന്നാല്‍, പരിപാടിക്ക് എത്രപേര്‍ വരുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലീസുകാര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നില്ല. പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിപാടി തുടങ്ങുന്നതിലും കുട്ടികളെ അകത്തുകയറ്റുന്നതിലും താമസമുണ്ടായിട്ടുണ്ട്. ഹാളില്‍ ആദ്യം കുറച്ചുകുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍, പിന്നീട് രജിസ്റ്റര്‍ ചെയ്യാത്ത യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍, ശേഷം സ്ഥലം ഉണ്ടെങ്കില്‍ പുറത്തുനിന്നുള്ളവര്‍ എന്നിങ്ങനെ പ്രവേശനം നല്‍കണമെന്ന് നിര്‍ദേശം കൃത്യമായി വെബ്‌സൈറ്റില്‍ കൊടുത്തിരുന്നു. എന്നാല്‍, ഏഴുമണിക്ക് പരിപാടി തുടങ്ങാന്‍ പോകുകയാണെന്ന് കരുതി പുറത്തുനിന്നവര്‍കൂടി അകത്തേക്ക് ഇടിച്ചുകയറി. ഇതോടെ പടികളിൽ നിന്നവര്‍ വീഴുകയും ഇതിനു മുകളിലേക്ക് ബാക്കിയുള്ളവരും വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അപകടം നടക്കുമ്പോള്‍ അധ്യാപകര്‍ സ്ഥലത്തുണ്ടായിരുന്നു. സ്റ്റുഡന്റ് വെല്‍ഫയര്‍ ഡയറക്ടര്‍ അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തി. അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എല്ലാം ഒരു മിനിറ്റുകൊണ്ട് സംഭവിച്ചതാണ്. പരിപാടിയുടെ സമയത്തിനനുസരിച്ച് കുട്ടികളെ പ്രവേശിപ്പിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ട്. രണ്ടാമതായി ഇവിടത്തെ സ്റ്റെപ്പുകള്‍ വളരെ കുത്തനെയുള്ളതാണ്. ഇതുമൊരു വീഴ്ചയാണ്. ഹാളില്‍ രണ്ടുപ്രവേശനകവാടം ഉണ്ടായിരുന്നെങ്കിലും കാര്യമുണ്ടാകില്ലായിരുന്നു. സംഘാകരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും.

മരിച്ചവരുടെ പൊതുദര്‍ശനം യൂണിവേഴ്‌സിറ്റിയില്‍ നടത്തും. നാളെ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് ഉണ്ടായിരിക്കില്ല. യൂണിവേഴ്‌സിറ്റിയില്‍ അനുശോചന യോഗം സംഘടിപ്പിക്കുമെന്നും വി.സി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *