ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; വീണ്ടും കുട്ടിയുടെ അച്ഛന്‍റ മൊഴിയെടുക്കും

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകൽ സംഘം സഞ്ചരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. 

കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പൊലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഈ ഫ്ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്.        

Leave a Reply

Your email address will not be published. Required fields are marked *