കോണ്‍ഗ്രസിന്റെ പരാജയം; ജനങ്ങളുടെതല്ല, തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തണം -മമത ബാനര്‍ജി

നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

പരാജയപ്പെട്ടത് കോണ്‍ഗ്രസ് ആണെന്നും ജനങ്ങളല്ലെന്നുമായിരുന്നു മമതയുടെ പ്രതികരണം. ”തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും അവര്‍ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. ഇന്ധ്യ പാര്‍ട്ടികള്‍ ചില വോട്ടുകള്‍ ഇല്ലാതാക്കി. അതാണ് സത്യം. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച്‌ അന്നേ ഞങ്ങള്‍ ചര്‍ച്ച ചെയ്തതാണ്. വോട്ടുകള്‍ വിഭജിച്ചുപോയതിനെ തുടര്‍ന്നാണ് അവര്‍ പരാജയപ്പെട്ടത്.”-മമത പറഞ്ഞു.

ആശയമുണ്ടായിട്ടു മാത്രം കാര്യമല്ല, തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രവും കൂടി വേണം. സീറ്റ് വിഭജിക്കുന്ന രീതിയില്‍ ഒരു സമ്ബ്രദായമുണ്ടായാല്‍ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്നും മമത വിലയിരുത്തി. പ്രതിപക്ഷ പാര്‍ട്ടികള്‍ തെറ്റുകള്‍ തിരുത്തി ഒന്നിച്ചു നിന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കാര്യമുണ്ടാകും. എന്നാല്‍ തെറ്റുകള്‍ തിരിച്ചറിയാൻ നമുക്ക് സാധിക്കണം.-മമത പറഞ്ഞു.

മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. 40 അംഗ മിസോറം നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. തെലങ്കാനയിലെ വിജയം മാത്രമേ ആശ്വസിക്കാനുള്ളൂ.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഇന്ധ്യ സഖ്യത്തിലെ പാര്‍ട്ടികളും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. ഇങ്ങനെ മത്സരിച്ചാല്‍ വോട്ടുകള്‍ വിഭജിച്ചുപോകുമെന്നും ബി.ജെ.പിക്ക് നേട്ടമാകുമെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ അവഗണിച്ച കോണ്‍ഗ്രസിന് സ്വന്തം നിലക്ക് മത്സരിച്ച്‌ വിജയിക്കാൻ സാധിക്കില്ലെന്ന് തെളിഞ്ഞതായി ജനത ദാള്‍ യുനൈറ്റഡ് നേതാവ് കെ.സി. ത്യാഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *