കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ കെ.ആർ.പത്മകുമാറിന്റെ പോളച്ചിറ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണമെന്ന് പരാതി. ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്. 

ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബൈക്ക് ചവിട്ടി വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണ ശേഷം സംഘം കടന്നുകളഞ്ഞു. പരുക്കേറ്റ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കടിയേറ്റ ഷിബുവിനെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷാജിയ്ക്കും ഭാര്യയ്ക്കും ഇന്നലെ വധഭീഷണി വന്നിരുന്നു. ഷീബയുടെ ഭർത്താവിന്റെ ഫോണിലേക്കാണ് വിളി വന്നത്. ‘നിന്റെ ഭാര്യയ്ക്ക് പെട്ടി തയാറാക്കി വച്ചോളൂ’ – എന്നായിരുന്നു സന്ദേശം. വിളിച്ചയാളുടെ ഫോൺ നമ്പർ സഹിതം പരവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പിന്നാലെയാണ് ആക്രമണം.

Leave a Reply

Your email address will not be published. Required fields are marked *