‘പ്രേക്ഷകരെ ഭയപ്പെടുത്തിയ ഗബ്ബര്‍സിംഗ് തന്നെയായിരുന്നുവോ ആ മനുഷ്യന്‍?; യഥാര്‍ഥത്തില്‍ നന്മയുടെ ആള്‍രൂപമായിരുന്നു അംജദ് ഖാന്‍’: മോഹന്‍ലാല്‍

ഗബ്ബര്‍ സിംഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ ഓര്‍മകളിലെവിടെയോ പേടിപ്പെടുത്തുന്ന ഒരു രൂപം തെളിയുന്നു, അതിനപ്പുറം ആവേശത്തിന്റെ കനലുകള്‍ കാലം എന്റെ മനസിലേക്കു കോരിയെറിയുന്നു. അംജദ്ഖാന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തീപാറുന്ന അക്ഷരങ്ങളാണ് എന്റെ മനസില്‍ വന്നുനിറയുന്നത്. ‘ഷോലെ’ എന്ന സിനിമയും അതിലെ വില്ലനായ ഗബ്ബര്‍സിംഗ് ഇന്നും ഇതിഹാസമായി പ്രേക്ഷകമനസിലെന്ന പോലെ എന്റെയുളളിലും നിറഞ്ഞു കത്തുന്നുണ്ട്.

ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ വില്ലനായിരുന്നു അംജദ് ഖാന്‍. ഒരു പക്ഷേ, അതിനു മുന്‍പോ പിന്‍പോ അത്രയും ശക്തനായ വില്ലനെ ഇന്ത്യന്‍ സിനിമ കണ്ടിട്ടുണ്ടാകില്ല. അടിമുടി ക്രൂരതയുടെ പര്യായം. എന്നിട്ടും ആ വില്ലനെ നമ്മള്‍ ഇഷ്ടപ്പെട്ടു. അയാളുടെ ചിരിയും അട്ടഹാസവും സംഭാഷണവും അനുകരിച്ച് പ്രേക്ഷകര്‍ ആ നടനെ ഉത്സവമാക്കി

‘ഷോലെ’യെ അനുകരിച്ചുകൊണ്ട് നിരവധിചിത്രങ്ങള്‍ പിന്നീട് മലയാളത്തിലുമുണ്ടായി. പക്ഷേ, ഇന്ത്യന്‍ സിനിമയില്‍ ഷോലെ സൃഷ്ടിച്ച തരംഗം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മറ്റൊരു സിനിമയ്ക്കും സൃഷ്ടിക്കാനായിട്ടില്ല. ശരിക്കും ഇന്ത്യന്‍ സിനിമയുടെ ബൈബിളായി ‘ഷോലെ’ നിലകൊളളുന്നു. ഒപ്പം ഗബ്ബര്‍സിംഗ് എന്ന അംജദ് ഖാനും

ഗബ്ബര്‍സിംഗ് എന്ന ഇതിഹാസത്തിനു ജീവന്‍ പകര്‍ന്ന അംജദ് ഖാന്‍ എന്ന മനുഷ്യനെ ഞാന്‍ പരിചയപ്പെടുന്നത് ‘അഭിമന്യു’വിന്റെ ഷൂട്ടിംഗ് കാലത്ത് ബോംബെയില്‍ വച്ചാണ്. 1990-ലാണത്. ‘ഹോളിഡേ ഇന്‍’ ഹോട്ടലിലാണ് അന്ന് ഞാന്‍ താമസിച്ചിരുന്നത്. ആ സമയം ബോംബെയില്‍ നിരവധി ചിത്രങ്ങളുടെ നിര്‍മാണം നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ചലച്ചിത്ര പ്രവര്‍ത്തകരും ഹോളിഡേ ഇന്നിലായിരുന്നു താമസം

ഒന്നോ രണ്ടോ വര്‍ത്തമാനങ്ങള്‍ കൊണ്ട് അവസാനിച്ച ആ സൗഹൃദത്തിന്റെ ഓര്‍മ ഇന്നും ഞാന്‍ മനസില്‍ സൂക്ഷിക്കുന്നു. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, സില്‍വര്‍ സ്‌ക്രീനിനെ ഇളക്കിമറിച്ച, പ്രേക്ഷകരെ ഭയപ്പെടുത്തിയ ഗബ്ബര്‍സിംഗ് തന്നെയായിരുന്നുവോ അന്ന് ഞാന്‍ കണ്ട ആ മനുഷ്യന്‍? യഥാര്‍ത്ഥത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും ആള്‍രൂപമായിരുന്നു അംജദ് ഖാന്‍- മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *