രാജസ്ഥാനിൽ കർണിസേനാ അധ്യക്ഷൻ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധം കനക്കുന്നു

രാജസ്ഥാനിൽ കർണിസേനാ ദേശീയ അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗാമെഡിയെ വെടിവെച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ചു. ഗോഗാമെഡിയുടെ അനുയായികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് തെരുവുകളിൽ പ്രതിഷേധം കനക്കുകയാണ്.

പ്രതികളുടെ ഒളിത്താവളങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നും സമാധാനം നിലനിർത്താൻ അഭ്യർഥിച്ചതായും പോലീസ് മേധാവി ഉപേഷ് മിശ്ര പറഞ്ഞു. അതേസമയം, അധോലോക കുറ്റവാളികളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി എന്നിവരുടെ സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര ഫെയിസ്ബുക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ചൊവ്വാഴ്ച സുഖ്‌ദേവിന്റെ വീട്ടിൽ കയറിയാണ് മൂന്ന് അക്രമികൾ അദ്ദേഹത്തെ വെടിവെച്ച് കൊന്നത്. വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പതിഞ്ഞിരുന്നു. വീട്ടിലെ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് അക്രമികൾ സുഖ്‌ദേവിനെ കാണാൻ വീടിനകത്തെത്തിയത്.

തുടർന്ന് സുഖ്‌ദേവുമായി അക്രമികൾ പത്ത് മിനുറ്റോളം സമയം സംസാരിച്ചു. സംസാരത്തിനിടെ രണ്ടുപേർ എഴുന്നേറ്റ് സുഖ്‌ദേവ് സിങ് ഗോഗാമെഡിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. അക്രമികൾ പലതവണ നിറയൊഴിക്കുന്നതും വീഡിയോയിൽ കാണാം. വെടിവെപ്പിൽ അക്രമിസംഘത്തിലെ ഒരാളും കൊല്ലപ്പെട്ടുവെന്ന് പോലീസ് അറിയിച്ചിരുന്നു. വീടിന് പുറത്ത് നിരീക്ഷണത്തിനായി നിലയുറപ്പിച്ചയാളാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *