ജമ്മു കശ്മീരിലെ വാഹനാപകടം; മരിച്ച നാല് മലയാളി യുവാക്കളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, മൃതദേഹം നാളെ നാട്ടിലെത്തിക്കും

ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്ന് നാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ഡൽഹി നോര്‍ക്കാ ഓഫീസറും കേരള ഹൗസിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജമ്മു കശ്മീരിൽ എത്തിയത്. ഇന്നലെയാണ് സോജില ചുരത്തിൽ നടന്ന അപകടത്തിൽ പാലക്കാട് സ്വദേശികളായ നാല് പേർ മരിച്ചത്. അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ കശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു.

കൂലിപ്പണിയെടുത്തും ചിട്ടി പിടിച്ചും കിട്ടിയ തുക സ്വരൂപിച്ചാണ് 13 അംഗ സംഘം ജമ്മു കശ്മീരിലേക്ക് യാത്ര തിരിച്ചത്. തമിഴ് നടൻ വിജയിയുടെ സിനിമകളും യാത്രകളോടുള്ള ഇഷ്ടവും കൊണ്ട് ഒന്നിച്ചു ചേർന്നവർ. കൂലിപണി ചെയ്തും താത്കാലിക ജോലിക്ക് പോയും സ്വരുക്കൂട്ടി ഉണ്ടാക്കിയ പണം കൊണ്ടാണ് കൂട്ടുകാരെല്ലാം ഒന്നിച്ച് കശ്മീരിലേക്ക് യാത്ര പോയത്. ഒരേ കുടുംബം പോലെ കഴിഞ്ഞവരാണ് മരിച്ചവരെല്ലാം.

അടുത്തിടെയാണ് രാഹുലിന്‍റെയും സുധീഷിന്‍റെയും വിവാഹം നടന്നത്. രാഹുലിന്‍റെ ഭാര്യ 7 മാസം ഗർഭിണിയാണ്. പത്ത് ദിവസത്തിന് ശേഷം തിരിച്ചു വരാമെന്ന് പറഞ്ഞു പോയ കൂട്ടുകാരിൽ 4 പേർ യാത്ര പകുതിയാക്കി മടങ്ങുമ്പോൾ ഒരു നാട് മുഴുവൻ കണ്ണീരടക്കാൻ പാടുപെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *