പിൻഗാമിയെ പ്രഖ്യാപിച്ച് മായാവതി; അനന്തരവൻ ആകാശ് ആനന്ദ് പാർട്ടിയുടെ പുതിയ അധ്യക്ഷനാകും

തന്റെ പിൻഗാമിയെ പ്രഖ്യാപിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) മേധാവിയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. അനന്തരവൻ ആകാശ് ആനന്ദ് പാർട്ടിയുടെ പുതിയ അധ്യക്ഷനാകും. ഞായറാഴ്ച ലഖ്നൗവിൽ നടന്ന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനം.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിലാണ് മായാവതി ഇക്കാര്യം അറിയിച്ചത്. മായാവതിയുടെ ഇളയ സഹോദരൻ ആനന്ദ് കുമാറിന്റെ മകനാണ് 28 കാരൻ ആകാശ്. നിലവിൽ പാർട്ടിയുടെ ദേശീയ കോർഡിനേറ്ററാണ്. 2019ലാണ് മായാവതിയുടെ സഹോദരനെ പാർട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചത്.

പാർട്ടി ദുർബലമായ മേഖലകളിൽ ആകാശിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടത്തുമെന്ന് ബിഎസ്പി നേതാവ് ഉദയ്വീർ സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മായാവതി തന്നെ പാർട്ടിയെ നയിക്കുമെന്നും ആനന്ദ് മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടിയെ നയിക്കുമെന്നും സിംഗ് കൂട്ടിച്ചേർത്തു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളായി ആകാശ് ആനന്ദും ഇടംപിടിച്ചിരുന്നു. അടുത്തിടെ നടന്ന നാല് തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ആകാശ് ആനന്ദ് പ്രധാന ചുമതലകൾ വഹിച്ചു. ബിഎസ്പി രാജസ്ഥാനിൽ രണ്ട് സീറ്റുകൾ നേടിയെങ്കിലും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *