സി.പി.എം. നേതാവ് എ.കെ.നാരായണൻ അന്തരിച്ചു

സി.പി.എം. മുൻ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു.

ബിഡിത്തൊഴിലാളിയില്‍നിന്ന്‌ തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണൻ. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 17 മാസം കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ല രൂപവത്കരിച്ചപ്പോള്‍ ഇവിടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു.

മൂന്നുതവണ സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി, ബീഡിത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, ദിനേശ് ബീഡി കേന്ദ്രസംഘം ഡയറക്ടര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: ഇന്ദിര. മക്കള്‍: ലൈല (ഉദുമ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റല്‍ വാര്‍ഡൻ), അനിത (മാനേജര്‍, കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വടകരമുക്ക് ശാഖ), ആശ (ക്ലാര്‍ക്ക്, കേരള ബാങ്ക് മാവുങ്കാല്‍ ശാഖ),സീമ. മരുമക്കള്‍: കെ.നാരായണൻ, ജി. യദുനാഥ് (കോഴിക്കോട് ഉപഭോക്തൃ കോടതി മുൻ പ്രസിഡന്റ്), ജെ.ജൈനേന്ദ്രൻ (ഷാര്‍ജ), കെ.അശോകൻ.

തിങ്കളാഴ്ച രാവിലെ ഒൻപതിന് കാഞ്ഞങ്ങാട് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിലും 11 മണിക്ക് അതിയാമ്ബൂര്‍ ബാലബോധിനി വായനശാലയിലും പൊതുദര്‍ശനത്തിനുവെച്ചശേഷം മൃതദേഹം അതിയാമ്ബൂരിലെ വീട്ടിലെത്തിക്കും. മൂന്നിന് കാഞ്ഞങ്ങാട് മേലാങ്കോട്ട് പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും

Leave a Reply

Your email address will not be published. Required fields are marked *