ലോക്‌സഭാ സുരക്ഷാ വീഴ്ച: പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി; പരിചയപ്പെട്ടത് ഫേസ്‍ബുക്ക് വഴിയെന്ന് സൂചന

പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡൽഹി പൊലീസ്. പ്രതികൾ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകപ്രശ്നം, മണിപ്പൂർ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. ഇതിനായി, മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തൽ. വിവിധ ട്രെയിനുകളിലൂടെയാണ് ഇവർ ഡൽഹിയിലെത്തുന്നത്.ജനുവരി മാസത്തിലാണ് ഇവർ ഗൂഢാലോചന തുടങ്ങിയത്. അതിനിടെ പ്രതികളിലൊരാൾ പാർലമെന്റിലെത്തുകയു സ്ഥിതികൾ വിലയിരുത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ലമെന്‍റിനകത്ത് വെച്ച് പ്രതിഷേധിച്ച ഉത്തര്‍പ്രദേശ് സ്വദേശി സാഗർ ശർമ്മ, മൈസൂർ സ്വദേശിയും എൻജിനിയറിങ് വിദ്യാർഥിയുമായ മനോരഞ്ജൻ,പാര്‍ലമെന്‍റിന് പുറത്ത് വെച്ച് പ്രതിഷേധിച്ച അമോൽ ഷിൻഡെ,നീലം എന്നിവരെ ഇന്നലെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയോടെയാണ് ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലീസ് പിടികൂടുന്നത്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു. ബംഗാള്‍ സ്വദേശി വിക്കി എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പാർലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേർ സന്ദർശക ഗാലറിയിൽ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസിൽ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയിൽ ഉയർത്തി വിടുകയും ചെയ്തു.സുരക്ഷ കണക്കിലെടുത്ത് പാർലമെന്റിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന് ആവശ്യം ഉന്നയിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും.

Leave a Reply

Your email address will not be published. Required fields are marked *