പാർക്കുകൾ ഉൾപ്പെടെ അബൂദബിയിലെ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സൗകര്യം വ്യാപിപ്പിച്ച് അധികൃതർ. നഗര, ഗതാഗത വകുപ്പാണ് എമിറേറ്റിലെ ബസുകളും ബീച്ചുകളും പൊതു ഉദ്യാനങ്ങളിലുമടക്കം സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിലെ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എമിറേറ്റിലെ 44 പൊതു പാർക്കുകളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. അബൂദബിയിൽ 19ഉം അല്‍ഐനില്‍ 11ഉം അല്‍ ധഫ്രയിൽ 14ഉം പൊതു ഉദ്യാനങ്ങളിലാണ് സൗജന്യ വൈഫൈ ലഭിക്കുക. അബൂദബി കോര്‍ണിഷ് ബീച്ചിലും അല്‍ ബതീന്‍ ബീച്ചിലും വൈകാതെ സേവനം ലഭ്യമാകും.
അതേസമയം, സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോൾ ചില പൊതുസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദേശവും അധികൃതർ മുന്നോട്ടുവെക്കുന്നു. ഓൺലൈൻ ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്റർ ചെയ്യുമ്പോൾ വ്യക്തിവിവരങ്ങൾ നൽകാതിരിക്കുക, വി.പി.എൻ ഉപയോഗിക്കുക തുടങ്ങിയവ പാലിക്കണമെന്നാണ് നിർദേശം. ഓരോ മണിക്കൂർ ഇടവിട്ടും പരസ്യ ഇടവേളയുണ്ടാകും. https://www.du.ae/WiFi-uae/locations എന്ന് ബ്രൗസ് ചെയ്താൽ യു.എ.ഇയിൽ എവിടെയല്ലാം സൗജന്യ വൈഫൈ ലഭ്യമാണെന്ന് അറിയാനാവുമെന്ന് ഇന്റർനെറ്റ് സേവനദാതാക്കളായ ‘ഡു’ അറിയിച്ചു.
എല്ലായിടത്തും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അബൂദബി വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫ പറഞ്ഞു. ഐ.എം.ഡി സ്മാര്‍ട്ട് സിറ്റി സൂചികയില്‍ ലോകത്തെ 141 നഗരങ്ങളില്‍ 13ാം സ്ഥാനം നേടിയ അബൂദബി തെളിയിക്കുന്നത് നഗരത്തെ സ്മാര്‍ട്ട് സിറ്റിയായി പരിവര്‍ത്തിപ്പിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. ആർ.ടി.എയുമായി സഹകരിച്ചാണ് മെട്രോ, ടാക്സി, ബസ് സർവിസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത്. ഏപ്രിലിൽ ഷാർജയിൽ ബസുകളിൽ സൗജന്യ വൈ ഫൈ ലഭ്യമാക്കിയിരുന്നു. മുസന്ദം, ഒമാൻ റൂട്ടിൽ സഞ്ചരിക്കുന്ന ബസുകളിലാണ് റാസൽഖൈമ സർക്കാർ സൗജന്യ വൈഫൈ ഏർപ്പെടുത്തിയത്.