ആകാശത്തുപറന്നു നടക്കുന്നവനെ തള്ളിനീക്കേണ്ട അവസ്ഥ; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ തള്ളുന്ന പോലീസുകാർ: വീഡിയോ ഹിറ്റ്

തള്ള് തള്ള് തള്ള് തള്ള് പന്നാസുവണ്ടീ…തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടീ… എന്ന ഗാനം മലയാളികൾക്ക് മറക്കനാകില്ല. ആഭിജാത്യം എന്ന സിനിമയിലേതാണ് ഈ ഗാനം. ഈ പാട്ടിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിന്‍റെ ഹാസ്യചക്രവർത്തി സാക്ഷാൽ അടൂർ ഭാസിയാണ് ഈ സൂപ്പർ ഹിറ്റ് ഗാനം പാടിയത്. പറഞ്ഞുവരുന്നതു പാട്ടിനെക്കുറിച്ചല്ല. ആളുകൾ ബൈക്കും കാറും ബസും ലോറിയുമെല്ലാം തള്ളുന്നതു നിത്യസംഭവങ്ങളാണ്. നിങ്ങൾ ധാരാളം കണ്ടിട്ടുമുണ്ടാകും.

എന്നാൽ നിങ്ങൾ ഹെലികോപ്റ്റർ തള്ളുന്നതു കണ്ടിട്ടുണ്ടോ..? ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ ഹെലികോപ്റ്റർ ആണ് തള്ളിനീക്കേണ്ടിവന്നത്. പോലീസ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്റർ തള്ളുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.

ഉത്തരാഖണ്ഡിലെ രുദ്രാപുരിൽ ഒരു പരിപാടിക്കായി പുഷ്‌കർ സിംഗ് ധാമി എത്തിയപ്പോഴാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്‍റെ വീൽ ലാൻഡിംഗ് പാഡിൽ കുടുങ്ങി. തുടർന്ന്, ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. പറന്നുയരുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് പോലീസുകാർ ഹെലികോപ്റ്റർ തള്ളിനീക്കിയത്. പരിപാടിക്കു ശേഷം മുഖ്യമന്ത്രി തടസങ്ങളൊന്നുമില്ലാതെ മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *