ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര; മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യ. സഞ്ജു കന്നി രാജ്യാന്തര സെഞ്ചുറി (114 പന്തില്‍ 108) കണ്ടെത്തിയ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയത്. തിലക് വര്‍മ (52), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദിന് പകരം രജത് പടീധാറും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1 ഒപ്പത്തിനൊപ്പമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. അരങ്ങേറ്റക്കാരന്‍ രജതിന് (22) അവസരം മുതലാക്കാനായില്ല. മൂന്നാമനായാണ് സഞ്ജു ക്രീസിലെത്തിയത് . ഇതിനിടെ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശന്‍ (10) ഇന്ന് വേഗത്തില്‍ മടങ്ങി. നാലാം വിക്കറ്റില്‍ കെ എല്‍ രാഹുലും (21) – സഞ്ജും ഒത്തുചേര്‍ന്നു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സൂക്ഷ്മതയോടെയാണ് ഇരുവരും കളിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും 52 റണ്‍സ് കൂട്ടി ചേര്‍ത്തു.

19-ആം ഓവറില്‍ രാഹുല്‍ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മയും തപ്പിതടഞ്ഞു. എന്നാല്‍ സഞ്ജുവിനൊപ്പം വിലപ്പെട്ട 116 റണ്‍സ് ചേര്‍ക്കാന്‍ തിലകിനായി. വൈകാതെ സഞ്ജു സഞ്ജു കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി. 114 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. 46-ആം ഓവറിലാണ് സഞ്ജു മടങ്ങിയത്. തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേലിനും (1), വാഷിംഗ്ടണ്‍ സുന്ദറിനും (14) നിലയുറപ്പിക്കാനായില്ല. എങ്കിലും റിങ്കു ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലെ മൂന്നാം പന്തിലാണ് റിങ്കു മടങ്ങുന്നത്. 27 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും മൂന്ന് ഫോറും നേടി.

Leave a Reply

Your email address will not be published. Required fields are marked *