കുട്ടികളും പ്രായമായവരുമൊക്കെ ലാലേട്ടാന്ന് വിളിക്കുന്നു; അതൊരു ഭാഗ്യമാണ്: മോഹൻലാല്‍

മലയാളികള്‍ക്ക് മോഹൻലാല്‍ പ്രിയപ്പെട്ടവനാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ലാലേട്ടൻ വിളി തുടങ്ങിയതാണെന്ന് ഒരു അഭിമുഖത്തിനിടെ മോഹൻലാല്‍ വ്യക്തമാക്കുന്നു. ശരിക്കും പേര് ലാലേട്ടനാണെന്ന് വിചാരിക്കുന്നുള്ളവരുണ്ടെന്നും താരം തമാശയായി അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു.

സര്‍വകലാശാല എന്ന സിനിമയില്‍ നിന്നുള്ള വിളിയായിരുന്നു ലാലേട്ടാ എന്നത്. പിന്നീടത് എല്ലാവര്‍ക്കും ശീലമായി. കുഞ്ഞു കുട്ടികള്‍ മാത്രമല്ല പ്രായമായവര്‍ പോലും ലാലേട്ടാ എവിടെ പോകുന്നു എന്ന് ചോദിക്കും. അതും സന്തോഷമാണ്. പലരുടെയും വിചാരം എന്റെ പേര് തന്നെ ലാലേട്ടാ എന്നാണെന്നാണ്. അത്യപൂര്‍വം പേരേ മോഹൻലാലനെന്ന് വിളിക്കാറുള്ളൂവെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

പ്രശസ്‍തരായ ഡോക്ടേഴ്‍സടക്കമുള്ള ആള്‍ക്കാര്‍ ലാലേട്ടായെന്ന് വിളിച്ചിട്ട് അവര്‍ ചമ്മുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. മറ്റ് എല്ലാവരും അങ്ങനെ ലാലേട്ടാന്ന് വിളിക്കുന്നത് കണ്ടിട്ടാണ് എന്ന് പിന്നീട് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതില്‍ കുഴപ്പമില്ല എന്ന് താൻ പറയാറുണ്ട് എന്നും മോഹൻലാല്‍ വ്യക്തമാക്കി. കാരണം എന്റ പേര് അതാണ്. അതൊരു ഭാഗ്യമാണ്. കുട്ടികളും പ്രായമായവരുമൊക്കെ ലാലേട്ടാന്ന് വിളിക്കുന്നു. ജീവിതത്തില്‍ കിട്ടുന്ന അനുഗ്രഹവും സന്തോഷമായിട്ടാണ് താൻ കാണുന്നത് എന്നും മോഹൻലാല്‍ വ്യക്തമാക്കി.

മോഹൻലാല്‍ നായകനായ സര്‍വകലാശാല എന്ന സിനിമ 1987ലാണ് പ്രദര്‍ശനത്തിന് എത്തുന്നത്. സര്‍വകലാശാലയില്‍ മോഹൻലാല്‍ ലാല്‍ എന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടത്. സംവിധാനം വേണു നാഗവള്ളിയായിരുന്നു. തിരക്കഥയും വേണു നാഗവള്ളിയുടേതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ആനന്ദായിരുന്നു. ഛായാഗ്രാഹണം വിപിൻ മോഹനും. നെടുമുടി വേണുവിനും അടൂര്‍ ഭാസിക്കുമൊപ്പം ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ശങ്കരാടി, സുകുമാരൻ, സീമ, ശ്രീനാഥ്, ലിസി, കെ ബി ഗണേഷ്‍ കുമാര്‍, മണിയൻ പിള്ള രാജു തുടങ്ങിയവരും വേഷമിട്ടു.

Leave a Reply

Your email address will not be published. Required fields are marked *