മതിലിൽ ഉറങ്ങുന്ന കടുവയുടെ വീഡിയോ തരംഗമാകുന്നു

ആ കാഴ്ചകൾ ഗ്രാമവാസികളെ അദ്ഭുതപ്പെടുത്തി! ഒരു കടുവ മതിലിൽ ഉറങ്ങുന്നതാണ് ഗ്രാമവാസികളിൽ അദ്ഭുതമുളവാക്കിയത്. ഉത്തർപ്രദേശിലാണ് അപൂർവസംഭവം. സുഖപ്രദമായി ഉറങ്ങാനുള്ള സ്ഥലം കണ്ടെത്താൻ വന്യമൃഗം എത്തിയതാണോ അതോ അവിടെ സൂര്യസ്നാനം ചെയ്യാൻ എത്തിയതാണോ തുടങ്ങിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.

നൂറു കണക്കിനു ഗ്രാമവാസികൾ കൂടിനിൽക്കുന്പോഴാണ് ഇഷ്ടികച്ചുവരിനു മുകളിൽ കടുവ ശാന്തനായി ഉറങ്ങുന്നത്. പിലിഭിത്തിലെ കടുവാസങ്കേതത്തിൽനിന്നു ചാടിപ്പോയ കടുവയാണ് അത്കോന ഗ്രാമത്തിലെ ഗുരുദ്വാരയ്ക്കു സമീപമുള്ള മതിലിൽ വിശ്രമിക്കാൻ കയറിയത്. ഗ്രാമത്തിലെത്തിയ കടുവ ശാന്തനായിരുന്നുവെന്നും ആരെയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.

മൃഗങ്ങളുമായി ബന്ധപ്പെട്ടു നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനെല്ലാം വൻ സ്വീകാര്യതകളും ലഭിക്കാറുണ്ട്. എന്തായാലും അപൂർവങ്ങളിൽ അപൂർവമായ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *