പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി മിനി പൂരം നടത്താന്‍ പാറമേക്കാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരമൊരുക്കാന്‍ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ  പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

ജനുവരി മൂന്ന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക. 

പതിനഞ്ച് ആനകളെ അണിനിരത്തി, 200ഓളം പേരുടെ മേളവും മിനി പൂരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മുന്‍പ് 1986ല്‍ മാര്‍പാപ്പ എത്തിയപ്പോഴാണ് തൃശൂരില്‍ മിനി പൂരം ഒരുക്കിയത്. 

പൂരം പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ കഴിഞ്ഞദിവസം പിരിഞ്ഞിരുന്നു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഇടപടലുണ്ടായിട്ടുണ്ട്.

കേസ് നാലിന് വച്ചിരിക്കുകയാണ്. പൂരം തടസപ്പെടുത്തുന്നതൊന്നും സര്‍ക്കാര്‍ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. കോടതിയോട് സമ്മതം ചോദിക്കാതെ ഒരു കാര്യവും ചെയ്യുന്നത് ശരിയല്ലെന്ന് മന്ത്രി കെ രാജനും പറഞ്ഞു. സൗജന്യമായി സ്ഥലം വിട്ടു കൊടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ടിഎന്‍ പ്രതാപന്‍ എംപിയും പറഞ്ഞു. യോഗത്തില്‍ തീരുമാനമായില്ലെന്നും വര്‍ധിച്ച തുകയാണ് തീരുമാനിക്കുന്നതെങ്കില്‍ കടുത്ത നിലപാട് എടുക്കുമെന്നും തിരുവമ്പാടി പ്രസിഡന്റ് സുന്ദര്‍ മേനോന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *