സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; നവകേരള സദസിനെ കുറിച്ച് വിലയിരുത്തും, പുതിയ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോ​ഗത്തിൽ നവകേരള സദസ്സിന്റെ വിലയിരുത്തൽ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നടക്കും. നവ കേരള സദസ്സ് വൻ വിജയമായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പരാതികൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാരിന് സിപിഐഎം സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകും.

അതേസമയം, കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക. ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി ലഭിക്കണമെന്ന് കേരള കോൺഗ്രസ് ബി മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. 

Leave a Reply

Your email address will not be published. Required fields are marked *