ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ താരങ്ങൾക്ക് പിഴ

ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റിലെ ഇന്നിംഗ്സ് തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് ഐസിസിയുടെ പിഴശിക്ഷയും. ടെസ്റ്റില്‍ കുറ‍ഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് മാച്ച് റഫറി ക്രിസ് ബ്രോഡ് ചുമത്തിയത്. ഇതിന് പുറമെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റില്‍ ഇന്ത്യക്ക് രണ്ട് പോയന്‍റ് നഷ്ടമാകുകയും ചെയ്തു.

നിശ്ചിത സമയത്ത് രണ്ടോവര്‍ കുറച്ചാണ് ഇന്ത്യ ബൗള്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തെറ്റ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. ഐസിസി നിയമപ്രകാരം ടെസ്റ്റില്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാതിരിക്കുന്ന ഓരോ ഓവറിനും കളിക്കാരില്‍ നിന്നും സപ്പോര്‍ട്ട് സ്റ്റാഫില്‍ നിന്നും അഞ്ച് ശതമാനം പിഴയാണ് ഈടാക്കുക. ഇതിന് പുറമെ പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റില്‍ നിന്ന് ഓരോ പോയന്‍റ് വീതം കുറക്കുകയും ചെയ്യും.

രണ്ട് പോയന്‍റ് നഷ്ടമാകുകയും ആദ്യ ടെസ്റ്റില്‍ ദയനീയ തോല്‍വി വഴങ്ങുകയും ചെയ്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 പോയന്‍റും 38.90 വിജയശതമാവും മാത്രമാണ് നിലവില്‍ ഇന്ത്യക്കുള്ളത്.

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സമസ്ത മേഖലകളിലും ദക്ഷിണാഫ്രിക്ക ഇന്ത്യയെ നിഷ്പ്രഭമാക്കിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറി കരുത്തില്‍ 245 റണ്‍സടിച്ച ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക 408 റണ്‍സടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 132 റണ്‍സിന് ഓള്‍ ഔട്ടായി. 76 റണ്‍സെടുത്ത വിരാട് കോലി മാത്രമേ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കായി പൊരുതിയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *