ഉത്തർപ്രദേശിൽ 6 വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി 43കാരൻ; പ്രതി അറസ്റ്റിൽ

ഉത്തർപ്രദേശിൽ 6 വയസുകാരിയെ 43കാരൻ ക്രൂരമായി കൊലപ്പെടുത്തി. വയലിൽ കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം വാട്ടർ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതച്ചതായും പൊലീസ് വ്യക്തമാക്കി.

ആഗ്ര ജില്ലയിലെ എത്മാദ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.ഡിസംബർ 30 ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസ് പറയുന്നതനുസരിച്ച്, ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പാടത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുന്നു. കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാർ തെരഞ്ഞിറങ്ങി. ഇതിനിടെ പ്രതിയായ വാച്ച്മാൻ രാജ്‌വീർ സിംഗ് സഹായിക്കാനെന്ന വ്യാജേന കുടുംബത്തോടൊപ്പം ചേർന്ന് തെരച്ചിൽ നടത്തുന്നു. നാട്ടുകാരും കുടുംബവും ചേർന്ന് ഏറെനേരം തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് അന്വേഷണത്തിൽ കുട്ടി പ്രതിയായ രാജ്‌വീർ സിംഗിനൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പീഡിപ്പിക്കാൻ വേണ്ടിയാണ് കുട്ടിയെ തട്ടികൊണ്ട് പോയത്. കുട്ടി ബഹളം വച്ചതോടെ പീഡനശ്രമം പരാജയപ്പെട്ടു. ഇതോടെ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മുഖം കല്ല് കൊണ്ട് ഇടിച്ചു ചതച്ചു. പിന്നീട് മൃതദേഹം വയലിൽ ഉപേക്ഷിച്ചു. സംഭവം പുറത്തറിയാതിരിക്കാൻ വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *