കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ്; പത്ത് പശുക്കളെ വാങ്ങുന്നതിന് പണം നൽകും

പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായഹവുമായി ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകും. അൽപ്പ സമയത്തിനകം വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടൻ ജയറാമും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി.

പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് കുട്ടികൾക്ക് കൈമാറിയത്. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.കപ്പത്തോടിൽ നിന്നുള്ള വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചയാളാണ് മാത്യു.

Leave a Reply

Your email address will not be published. Required fields are marked *