ഇൻഷുറൻസ് തുക ലഭിക്കാൻ മറ്റൊരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; സംഭവം തമിഴ്നാട്ടിൽ, പ്രതികൾ അറസ്റ്റിൽ

തമിഴ്നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം. ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചെന്നൈ സ്വദേശി സുരേഷ് നടത്തിയ കൊലപാതകത്തിന്‍റെ വിവരങ്ങൾ പുറത്ത്. സിനിമ കഥയെ വെല്ലുന്ന കൊലപാതക കേസില്‍ സുരേഷും രണ്ട് സുഹൃത്തുക്കളും പിടിയിലായി. 1984ൽ 30 ലക്ഷം രൂപയുടെ ഇന്‍ഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ആലപ്പുഴയിൽ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതിന് സമാനമായ കൊലപാതകമാണ് ഇപ്പോള്‍ ചെന്നൈയിൽ സംഭവിച്ചിരിക്കുന്നത്.

ചെന്നൈ ജില്ലയിലെ അയനാപുരം സ്വദേശിയായ സുരേഷ് ഹരികൃഷ്ണൻ എന്നയാളാണ് 1 കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാനായി ദിലി ബാബുവെന്നയാളെ കൊലപ്പെടുത്തിയശേഷം ആരുമറിയാതെ നാടുവിട്ടത്. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ പദ്ധതി ആസൂത്രണം ചെയ്ത സുരേഷ്, വീടിന് അടുത്ത് മുന്‍പ് താമസിച്ചിരുന്ന ദിലിബാബുവുമായി ചങ്ങാത്തത്തിലായി. പിന്നീട് സെപ്റ്റംബറില്‍ ഇയാളെയും കൂട്ടി പുതുച്ചേരിയിൽ പോയി മദ്യപിച്ച ശേഷം ചെങ്കൽപ്പേട്ടിൽ തന്‍റെ പേരിലുള്ള സ്ഥലത്തെ ഓലമേഞ്ഞ വീട്ടിലെത്തി. ഇവിടെ വച്ച് ദിലിബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുവിടുകയായിരുന്നു.

ഇതിനുശേഷം മരിച്ചത് സുരേഷ് എന്ന് സ്ഥിരീകരിച്ച സഹോദരി, മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചു. അതിനിടയില്‍ ദിലി ബാബുവിനെ കാണാനില്ലെന്നും സുരേഷിനൊപ്പം പോയശേഷം വിവരമൊന്നും ഇല്ലെന്നും കാണിച്ച് അമ്മ നൽകിയ പരാതിയിലെ പൊലീസ് അന്വേഷണം വഴിത്തിരിവായി. ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ നിന്ന് സുരേഷും ദിലിബാബുവും മറ്റ് 2 പേരും ചെങ്കൽപ്പേട്ടിൽ എത്തിയെന്നും അതിനുശേഷവും ഇവരുടെ ഫോൺ പല ടവറുകളുടെ പരിധിയിലെത്തിയുണ്ടെന്നും കണ്ടെത്തി. സുഹൃത്തുക്കളെ നന്നായി ചോദ്യം ചെയ്തതോടെയാണ് കൊലക്കേസിന്‍റെ ചുരുളഴിഞ്ഞത്. ഒളിച്ചു താമസിച്ചിരുന്ന സുരേഷിനെ ചെന്നൈയിലെത്തിച്ച് അറസ്റ്റുരേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *