“പോരായ്മകളിൽ ഖേദിക്കുന്നു”:; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

പോരായ്‌മകളിൽ ഖേദിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കര്‍ദിനാള്‍‌ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിശ്വാസികള്‍ക്ക് അയച്ച കത്തിലാണ് ദൗത്യനിർവഹണത്തിലെ പോരായ്മകളിലും കുറവുകളിലും ജോർജ് ആലഞ്ചേരി ഖേദം പ്രകടിപ്പിച്ചത്. മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിലും, എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തയെന്ന നിലയിലും പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടായി അദ്ദേഹം കത്തില്‍ സമ്മതിക്കുന്നുണ്ട്. സഭാ നേതൃത്വത്തിൽ നിന്ന് മാറിയെങ്കിലും സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കാനാകുമെന്ന് പ്രത്യാശിക്കുന്നതായും സഭാംഗങ്ങൾക്കുള്ള വിടവാങ്ങൽ കത്തില്‍ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറയുന്നു.

ഭൂമി വിൽപ്പന വിവാദത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുമായി വർഷങ്ങളായി നിലനിന്ന കടുത്ത ഭിന്നതയ്ക്കും ഏറ്റുമുട്ടലിനും ഒടുവിലായിരുന്നു കർദ്ദിനാളിന്‍റെ പടിയിറക്കം. കുർബാന തർക്കത്തിൽ വിട്ട് വീഴ്ചയില്ലാതെ കർദ്ദിനാൾ നിന്നതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ചങ്ങനാശ്ശേരിക്കാരനായ മാർ ജോ‍ജ്ജ് ആല‌ഞ്ചേരി എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷൻ ആയി വന്നതോടെ ആരംഭിച്ച മറുമുറുപ്പും ഭിന്നതയും മറനീക്കി പുറത്ത് വന്നത് ഭൂമി വിൽപ്പന വിവാദത്തോടെയാണ്. വിവാദം അന്വേഷിച്ച ബെന്നി മാരാം പരമ്പിൽ കമ്മീഷൻ 48 കോടിരൂപയുടെ നഷ്ടം സഭയ്ക്ക് സംഭവിച്ചെന്ന് കണ്ടത്തിയതോടെ കർദ്ദിനാളിന്‍റെ രാജി ആവശ്യപ്പെട്ട് വൈദികർ പരസ്യ പ്രക്ഷോഭം തുടങ്ങി.

സിറോ മലബാർ സഭയിലെ അധ്യക്ഷനെതിരെ ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഘർഷങ്ങളും പരസ്യ വെല്ലുവിളിയുമുണ്ടായത്. കർദ്ദിനാളിനെതിരെ സഭാ വിശ്വാസികൾ ക്രമിനൽ കേസ് നൽകുന്നതടക്കമുള്ള സാഹചര്യത്തിലെത്തി കാര്യങ്ങൾ. കോടതി നടപടികൾ പ്രക്ഷോഭത്തിന്‍റെ ആക്കം കൂട്ടി. എന്നാൽ കർദ്ദിനാളിനെ കുടുക്കാൻ വിമത വിഭാഗം വ്യാജ രേഖ ചമച്ചെന്ന് പൊലീസ് കേസ് വന്നതോടെ വിമത വിഭാഗം പരുങ്ങലിലായി. സിനഡും വിമത വിഭാഗത്തിനെതിരെ ശക്തമായ നിലപാട് സ്വകരിച്ചു. വിമത വൈദികരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഭൂമി വിവാദം തണുത്തു. പിന്നാലെയാണ് ഏകീകൃത കുർബാന തർക്കം ഉയർന്നുവന്നത്. 

Leave a Reply

Your email address will not be published. Required fields are marked *