വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെവിട്ട പ്രതി അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് വിവരം.

ഇന്നു രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽ സത്രം ജംക്‌ഷനിലായിരുന്നു സംഭവം. അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. കാലിൽ വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. പ്രതി പാൽരാജിനെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന അർജുനെ കോടതി കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളും അർജുന്റെ ബന്ധുക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നു. അർജുന്റെ ബന്ധുക്കൾ ഇതിനിടെ പൊലീസ് സംരക്ഷണം തേടിയതും വാർത്തയായിരുന്നു. ഭീഷണി ഉയർന്നതിനെ തുടർന്ന് പാൽരാജ് ഉൾപ്പെടെയുള്ള അർജുന്റെ ബന്ധുക്കൾക്കു വീടുകളിൽനിന്ന് മാറിത്താമസിക്കേണ്ടിയും വന്നിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ ടൗണിൽവച്ച് തർക്കമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *