വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനുനേരെയുള്ള ആക്രമണം; ഉദ്ദേശ്യം കൊലപാതകമെന്ന് എഫ്‌ഐആർ

വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനെതിരായ ആക്രമത്തിൽ പ്രതി പാൽരാജിന്റെ ലക്ഷ്യം കൊലപാതകം തന്നെയായിരുന്നു എന്ന് പൊലീസ്. പ്രതി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് എഫ്‌ഐആറിലുള്ളത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.

കൊലപാതകക്കേസിൽ കോടതി വിട്ടയച്ച പ്രതിയുടെ പിതൃസഹോദരൻ പാൽരാജ് ഇന്നലെയാണു പെൺകുട്ടിയുടെ പിതാവിനെ കുത്തിപ്പരുക്കേൽപിച്ചത്. ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛനും പരുക്കേറ്റിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവിനു നെഞ്ചിലും ഇരുതുടകളിലുമാണ് കുത്തേറ്റത്. ഇന്നലെ രാവിലെ 10.30 നു പശുമല ജംക്ഷനിൽവച്ചാണ് ആക്രമണമുണ്ടായത്. 

ഒരു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ചുരക്കുളത്തെ എസ്റ്റേറ്റ് ലയത്തിൽനിന്നു ഇരുചക്രവാഹനത്തിൽ വരികയായിരുന്നു കുട്ടിയുടെ പിതാവും മുത്തച്ഛനും. ഇവർ ജംക്ഷനിൽ എത്തിയപ്പോൾ, കേസിലെ പ്രതി അർജുന്റെ പിതൃസഹോദരൻ പാൽരാജ് കൈ ഉയർത്തി അശ്ലീല ആംഗ്യം കാട്ടി. കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്തതോടെ അരയിൽ തിരുകിയിരുന്ന കത്തി എടുത്തു കുത്തുകയായിരുന്നു. തടസ്സം പിടിക്കാൻ എത്തുന്നതിനിടെയാണു മുത്തച്ഛനു തോളിൽ പരുക്കേറ്റത്. ഉടൻ ഇരുവരെയും വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *