മലപ്പുറം കോട്ടക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം;അന്തർ സംസ്ഥാന മോഷ്ടാവ് രമേശ് പിടിയിൽ

മലപ്പുറം കോട്ടക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കർണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് എന്ന ഉടുമ്പ് രമേശനെയാണ് കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പൊലിസും ഡാൻസാഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ 25ന് അർധരാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്.

നേരത്തെ ഈ കേസിൽ കുട്ടുപ്രതി വാഴക്കാട് അനന്തായൂർ സ്വദേശി പിലാത്തോട്ടത്തിൽ മലയിൽ വീട്ടിൽ മുഹമ്മദ് റിഷാദ് , മോഷണ സ്വർണം വിൽപന നടത്തുവാൻ സഹായിച്ച കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്ത് ഒളവട്ടൂർ മാങ്ങാട്ടുമുറി സ്വദേശി മാങ്ങാട്ടുച്ചാലിൽ കൊളത്തോട് വീട്ടിൽ ഹംസ എന്നിവരെ പൊലിസ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കർണാടക ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി കോഴിക്കോട് എത്തി അവിടെ നിന്ന് കൂട്ടുപ്രതി റിഷാദിനെ വിളിച്ചുവരുത്തി.

അന്ന് രാത്രി തന്നെ കോഴിക്കോട് മീഞ്ചന്തയിൽ നിന്ന് ഒരു പൾസർ ബൈക്ക് മോഷ്ടിച്ച് കൃത്യത്തിനായി കോട്ടക്കലിൽ എത്തി. തുടർന്ന് ആളില്ലാത്ത വീടുകൾ തിരഞ്ഞ് നടക്കുമ്പോഴാണ് അമ്പലവട്ടത്ത് റോഡ് സൈഡിലുള്ള ഗേറ്റ് പൂട്ടിക്കിടക്കുന്ന വീട് കണ്ടെത്തിയത്. വീട്ടിൽ ആളുകളില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വാതിൽ പൊളിച്ച് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *