റെയിൽവേയിൽ ‘എലി’ സാറിൻറെ ഭക്ഷ്യപരിശോധന; പുതിയ സാർ അടിപൊളിയെന്ന് ജനം, വീഡിയോ വൈറൽ

റെയിൽവേ സ്റ്റേഷനുകളിലും ട്രയിനുകളിലും ലഭിക്കുന്ന ഭക്ഷണപദാർഥങ്ങളെക്കുറിച്ച് നിരന്തരം പരാതി ഉയരുന്ന രാജ്യമാണിത്. വൃത്തി മുതൽ ഭക്ഷണവസ്തുക്കൾ അളവിൽ ലഭിക്കാത്തതുവരെ നീളുന്നു പരാതികൾ. അളവിൽ കുറഞ്ഞാലും വൃത്തിയില്ലങ്കിൽ എങ്ങനെ കഴിക്കുമെന്നാണ് യാത്രക്കാരുടെ ചോദ്യം. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഇന്ത്യൻ റെയിൽവേയിൽ സാധാരണ കാഴ്ചയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

റെയിൽവേ സ്റ്റേഷനുകളിലെ ഹൃത്തിഹീനമായ സാഹചര്യത്തെ വെളിപ്പെടുത്തുന്ന ഒരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. മധ്യപ്രദേശിലെ ഇറ്റാർസി ജംക്ഷൻ റെയിൽവേ സ്റ്റേഷനിലാണു സംഭവം. ഒരു സ്റ്റാളിൽ തയാറാക്കിവച്ച ഭക്ഷണത്തിൽ എലികൾ കയറുന്നതും തിന്നുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലഘുഭക്ഷണങ്ങളിലൂടെയും പാത്രങ്ങളിലൂടെയും എലികൾ യഥേഷ്ടം വിഹരിക്കുന്നു.

‘ഐആർസിടിസി ഭക്ഷ്യ പരിശോധന ഡ്യൂട്ടിയിൽ എലികൾ’ എന്ന കിടിലൻ തലക്കെട്ടോടെ എക്‌സിൽ പങ്കുവച്ച വീഡിയോ ആളുകൾക്കിടയിൽ വളരെവേഗം പ്രചരിച്ചു. സംഭവം പരിശോധിച്ചുവരികയാണെന്നും വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഭോപ്പാൽ ഡിവിഷനിൽ നിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വീഡിയോ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് റെയിൽവേ അറിയിച്ചു. ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ഇതെല്ലാം യാത്രക്കാരുടെ തലയിലെഴുത്താണെന്നും ജനം പ്രതികരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *