‘കെഎസ്ആർടിസി ജീവനക്കാർക്ക് ഞാനൊരു കത്തെഴുതുന്നുണ്ട്’; ഗണേഷ് കുമാർ

കെ എസ് ആർ ടി സി ജീവനക്കാർക്ക് കത്തെഴുതുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. എന്താണ് കെ എസ് ആർ ടി സിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്നും പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാമെന്നതിനെപ്പറ്റിയുമായിരിക്കും കത്തെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.

‘എല്ലാം പഠിച്ചുകഴിഞ്ഞു. തീരുമാനങ്ങളെല്ലാം പ്ലാൻ ചെയ്യുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ കുറേ കാര്യങ്ങൾ പബ്ലിഷ് ചെയ്യും. എന്തായാലും ജീവനക്കാർക്ക് ഞാനൊരു കത്തെഴുതുന്നുണ്ട്. ഇതിന്റെ സ്ഥിതിഗതികളെക്കുറിച്ച് ജീവനക്കാർക്കൊരു കത്ത്. എന്താണ് കെ എസ് ആർ ടി സിയുടെ ഇപ്പോഴത്തെ സ്ഥിതി, ഇതിനെ നമ്മൾക്ക് എങ്ങനെ പരിഹരിക്കാം, അതിന് അവരുടെ ഭാഗത്തുനിന്നുവേണ്ട സഹകരണത്തെക്കുറിച്ചാണ് കത്ത്. 

എല്ലാ സംഘടനാ നേതാക്കളെയും ഞാൻ ക്ഷണിച്ചിട്ടുണ്ട്. അവരോട് സംസാരിച്ച ശേഷം ജീവനക്കാർക്കൊരു തുറന്ന കത്തെഴുതും. എല്ലാ ജീവനക്കാർക്കും സോഷ്യൽ മീഡിയ വഴി, വാട്‌സാപ്പ് വഴി കത്ത് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യും. പ്രിന്റ് ചെയ്തിറക്കേണ്ട കാര്യമില്ല. തൊഴിലാളികളുടെ പ്രശ്‌നങ്ങളെല്ലാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ജോലിക്ക് എല്ലാവരും കൃത്യമായി വരണം. റൂട്ടുകൾ മുടങ്ങാൻ പാടില്ല. നഷ്ടത്തിലോടുന്ന റൂട്ടുകളെക്കുറിച്ച് എം എൽ എമാരോട് ചർച്ച ചെയ്യുന്നുണ്ട്.’- ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *