കൂടുതല്‍ സഞ്ചാരികളെ അയയ്ക്കണം; ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്കിടെ ചൈനയോട് സഹായം അഭ്യർത്ഥിച്ച് മാലിദ്വീപ്

കൂടുതല്‍ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് അയയ്ക്കണമെന്ന് ചൈനയോട് അഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. ചൈന സന്ദര്‍ശനത്തിനിടെയാണ് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന്റെ അഭ്യര്‍ത്ഥന. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനം. നേരത്തെ മാലിദ്വീപിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ ഇന്ത്യയിലെ ടൂര്‍ ഏജന്‍സികള്‍ കൂട്ടത്തോടെ റദ്ദുചെയ്തിരുന്നു.

ചൈനയെ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് വിശേഷിപ്പിച്ച മാലിദ്വീപ് പ്രസിഡന്റ് ദ്വീപ് രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. കഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതികളെ മുയിസു പ്രശംസിച്ചു. പദ്ധതി മാലിദ്വീപ് ചരിത്രത്തിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികൾ എത്തിക്കാൻ സഹായകമായി.

കൊവിഡിന് മുൻപ് മാലിദ്വീപിന്റെ വിപണിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ചൈന. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നാണ് അഭ്യർത്ഥിക്കുന്നതായി മുയിസു പറഞ്ഞു. മാലിദ്വീപിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും പിന്നാലെ മാലിദ്വീപ് മന്ത്രിമാർ നടത്തിയ പ്രസ്താവനകളും മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് മുയിസുവിന്റെ ചൈനീസ് സന്ദർശനം. അതേസമയം പ്രശ്നം തണുപ്പിക്കാനുള്ള അനുനയ നീക്കത്തിന്റെ ഭാ​ഗമായി മാലദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കും. ഈ മാസം അവസാനമാകും ഇന്ത്യാ സന്ദർശനം.

Leave a Reply

Your email address will not be published. Required fields are marked *