രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റ് ; ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻറ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി പറഞ്ഞു. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റ് മാർച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സമരജ്വാല’ എന്ന പേരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അബിൻ അറിയിച്ചു. 

സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും യൂത്ത് കോൺഗ്രസ് രൂപം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിൻറെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും, പൊലീസിൻറെ അസാധാരണ നടപടിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അബിൻ വർക്കി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൻറെ പേരിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് കോടതി  ജാമ്യം നിഷേധിച്ചിരുന്നു. 22 വരെ റിമാൻഡ് ചെയ്ത രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *