‘ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്’; യേശുദാസിന് ആശംസകളറിയിച്ച് മോഹൻലാൽ, വീഡിയോ

സംഗീത ലോകത്തെ ലെജൻഡായ കെ ജെ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെയാണ് മോഹൻലാൽ ആശംസകളറിയിച്ചത്. യേശുദാസിന്റെ ശബ്ദത്തിൽ ചില ഗാനങ്ങളിലൂടെ തന്റെ സിനിമകളിൽ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ തന്റെ സുകൃതങ്ങളിലൊന്നായി കരുതുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വർഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലായളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു, അത് ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസിന്റേതാണ്. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടൻ, നമ്മളൊക്കെ ജനിച്ച് വളർന്നതു മുതൽ കേട്ടുപാടിയ ശബ്ദം. ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്. സാഗരത്തിലെന്ന പോലെ ആ നാദ ബ്രഹ്‌മത്തിന്റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ…

ദാസേട്ടന്റെ ശബ്ദത്തിൽ ചില ഗാനങ്ങൾ എന്റെ സിനിമകളിൽ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ എന്റെ സുകൃതങ്ങളിലൊന്നായി ഞാൻ കരുതുന്നത്. ഇതൊക്കെ അപൂർവമായി മാത്രം സംഭവിക്കുന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളിലൊന്നാണ് ദാസേട്ടൻ. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ഒരു ദിവസം മൂളാത്തതായി ഒരു മലയാളികളും ഉണ്ടാകില്ല. ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനാകുന്ന ദിവസമാണ് ഇന്ന്. കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവനെ… ഈ സുദിനത്തിൽ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം പ്രാർത്ഥനയും. ഋതുഭേദങ്ങളില്ലാത്ത, എനിക്ക് ഗുരുതുല്യനായ ദാസേട്ടന്റെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്‌കാരം, മോഹൻലാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *