ലാൽജി കൊള്ളന്നൂർ വധം; 9 പ്രതികളെ വെറുതെ വിട്ട് കോടതി

തൃശൂരിലെ കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്ന് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ലാൽജി കൊള്ളന്നൂർ കൊലക്കേസിൽ 9 പ്രതികളെയും  വെറുതെ വിട്ട് കോടതി. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ കൊലയായിരുന്നു ലാൽജി കൊള്ളന്നൂർ വധം. അയ്യന്തോൾ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 

2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാൽജിയെ വെട്ടിക്കൊലപ്പെടുത്തിയത്. അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌റും കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയർമാനുമായിരുന്നു കൊല്ലപ്പെടുമ്പോൾ ലാൽജി കൊള്ളന്നൂർ. തൃശൂരിൽ അതേ വർഷം  മൂന്നു മാസത്തിനിടയിൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടർന്നുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമായിരുന്നു ലാൽജിയുടേത്. ഏപ്രിലിൽ നടന്ന യൂത്ത് കോൺഗ്രസ് അയ്യന്തോൾ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് മധു ഈച്ചരത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി പ്രേംലാൽ എന്ന പ്രേംജിയുടെ ജ്യേഷ്ഠനാണ് ലാൽജി. 

ഐ ഗ്രൂപ്പുകാരായിരുന്ന മധുവും ലാൽജിയും യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പരസ്പരം തെറ്റുകയായിരുന്നു. മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടിൽ കയറി മധുവും സംഘവും ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മധുവിനെ കൊലപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ലാൽജിക്ക് നേരെയുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *