‘സയൻസിന് ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെ ഒന്നിച്ച് എതിർക്കണം’; ഡിഎംകെ എംപി കനിമൊഴി

സയന്‍സിനു ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് കവിയും രാജ്യസഭ അംഗവുമായി കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.

2000 വര്‍ഷം മുന്‍പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മനുഷ്യന്‍റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു കവിതയിലൂടെ ചോദിച്ച കവികള്‍ നമുക്കുണ്ട്. എന്നാല്‍ ഇക്കാലത്ത് ജാതി, മതം തുടങ്ങിയ വാക്കുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുകൊണ്ട്, വസ്ത്രം ധരിക്കുന്നതുകൊണ്ട് ചിലര്‍ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയാണ്.

ഈ സാഹചര്യത്തിലാണ് ശാസ്ത്രീയതയുടെയും ശാസ്ത്ര ബോധത്തിന്റെയും പ്രാധാന്യം വര്‍ധിക്കുന്നതെന്നും കനിമൊഴി പറഞ്ഞു. പ്രകൃതി നമ്മളോട് സംസാരിക്കുന്ന ഭാഷയാണ് സയന്‍സ്. ശാസ്ത്രബോധം പ്രചരിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍തന്നെ ശാസ്ത്രത്തെ പുരാണമായും പുരാണത്തെ ശാസ്ത്രമായും വളച്ചൊടിക്കുന്നു. യുക്തിരഹിതമായ ഉത്തരം വാദങ്ങളോട് പ്രതികരിക്കേണ്ടത് ഭരണഘടനയില്‍ വിശ്വസിക്കുന്ന പൗരന്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണ് എന്നും കനിമൊഴി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *