അയോധ്യ ക്ഷേത്രത്തിലെ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്

അയോധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠാചടങ്ങുകൾക്കൊരുങ്ങുന്ന പുതിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്ത്. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകൾ. കൃഷ്ണശിലയിൽ നിർമിച്ചിട്ടുള്ള വിഗ്രഹം നിൽക്കുന്ന രീതിയിലാണുള്ളത്. വിഗ്രഹത്തിന്റെ മുഖം തുണി കൊണ്ട് മറച്ചിരിക്കുകയാണ്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ. 51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്.

പ്രതിഷ്ഠാകർമത്തിന് തൊട്ടുപിറ്റേന്ന് മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രം തുറന്നുനൽകുമെന്നാണ് വിവരം. പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ബോളിവുഡ് താരം അമിതാഭ് ബച്ചൻ തുടങ്ങി 11,000-ൽ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *