ഡൽഹി വിമാനത്താവളത്തിൽ ഭാഗിക നിയന്ത്രണം; 26 വരെ രാവിലെ 10.20 മുതൽ 12.45 വരെ സർവീസുകൾ ഇല്ല

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനസർവീസുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 19 മുതൽ 26 വരെ രാവിലെ 10.20 മുതൽ ഉച്ചയ്ക്ക് 12.45 വരെ വിമാനങ്ങൾ ലാൻഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ അനുമതിയില്ല. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

75-ാമത് റിപ്പബ്ലിക് ദിനമാണ് ഈ വർഷം രാജ്യം കൊണ്ടാടുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി. ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ വനിതകൾ മാത്രം അണിനിരക്കുന്ന മാർച്ച് റിപ്പബ്ലിക് ദിന പരേഡിൽ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. ഒരു അസിസ്റ്റന്റ് കമാൻഡന്റും രണ്ട് ഉപ ഉദ്യോഗസ്ഥരുമാണ് മാർച്ച് നയിക്കുക. മാർച്ചിൽ 144 വനിതകൾ അണിനിരക്കും.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമായുള്ള 2274 എൻ.സി.സി. കേഡറ്റുകളാണ് ഒരുമാസം നീളുന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇതിൽ 907 പെൺകുട്ടികളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *