മലൈക്കോട്ടൈ വാലിബൻ ഗംഭീര സിനിമയെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. മലൈക്കോട്ടൈ വാലിബന് പോയത് അങ്കമാലി ഡയറീസോ ഈ മാ യൗവും കാണാനല്ല. മോഹൻലാലും ലിജോയും ഇത്തവണ എന്ത് ചെയ്തുവെന്നതാണ് തനിക്ക് കാണേണ്ടിയിരുന്നത്. സിനിമ എന്താകണമെന്ന് മനസിൽ തീരുമാനിച്ചെത്തുന്നവർ സ്ക്രീനിലെ സിനിമ ആസ്വദിക്കുന്നില്ല. ഈ മോഹൻലാലിനെയല്ല കാണാൻ ഉദ്ദേശിച്ചതെന്ന് പറയുന്നവരുടേതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ എല്ലാവരും സിനിമ നിരൂപകരാണ്. വിവേകമുള്ള ചലച്ചിത്ര നിരൂപകരെ മാത്രമെ താൻ കേൾക്കാറുള്ളു; ബാക്കിയെല്ലാം അഭിപ്രായങ്ങളാണ്. എല്ലാവർക്കും സ്വന്തം അഭിപ്രായം ഉണ്ടാവുന്നത് നല്ലതാണ്എന്നാൽ സിനിമയെന്ന ബിസിനസിന് ഇത് അഭികാമ്യമല്ല.എന്നാൽ ഒരു നല്ല സിനിമയെ നശിപ്പിക്കാൻ നെഗറ്റീവ് നിരൂപണത്തിനാകില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
പ്രേക്ഷകരുടെ മുന്‍വിധിയാണ് പ്രശ്നം, മുന്നിൽ വരുന്ന കാഴ്ചകൾ ആസ്വദിക്കാനാണ് ഞാൻ സിനിമ കാണുന്നത്, അല്ലാതെ ആ കാഴ്ച ഇങ്ങനെയായിരിക്കണമെന്ന് കരുതിയല്ല. നിങ്ങൾ ഒരാളുടെ വീട്ടിൽ ചെന്നിട്ട് മസാലദോശയും സാമ്പാറും തരുമ്പോൾ ഞാൻ ബീഫാണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെയാണ് മുന്‍വിധിയോടെ സിനിമ കാണാന്‍ പോകുന്നത്. അത് സിനിമയെന്ന വ്യവസായത്തെയാണ് ബാധിക്കുന്നത്. ഈ ലിജോയെയോ മോഹൻലാലിനെയോ അല്ല പ്രതീക്ഷിച്ചതെന്ന് പറയുമ്പോൾ പ്രശ്നം നിങ്ങളാണ്. മോഹൻലാലും ലിജോയുമല്ല അനുരാഗ് കശ്യപ് പറഞ്ഞു.