മാലിദ്വീപ് പാർലമെന്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പാർലമെന്റ് അംഗങ്ങൾക്ക് പരുക്ക്

മാലിദ്വീപ് പാർലമെന്റിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടയടി. പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ ഭിന്നതയാണ് പാർലമെന്റിലെ കൂട്ടത്തല്ലിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി അംഗങ്ങൾക്ക് പരിക്കേറ്റു. ഒരു എംപിയുടെ തലപൊട്ടുകയും ചെയ്തു.

തെരഞ്ഞെടുപ്പ് ജയിക്കുന്ന പ്രസിഡന്റ് മന്ത്രിമാരെ നോമിനേറ്റ് ചെയ്യുകയും അവരെ പാർലമെന്റ് അംഗീകരിക്കുകയും ചെയ്യുന്നതാണ് മാലിദ്വീപിലെ രീതി. കഴിഞ്ഞ നവംബറിൽ അധികാരത്തിലെത്തിയ മൊഹമ്മദ് മൊയ്‌സുവിന്റെ മന്ത്രിമാരെ ഇതുവരെ പാർലമെന്റ് അംഗീകരിച്ചിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും മൊയ്‌സുവിന്റെ പീപ്പിൾസ് നാഷണൽ കോൺഗ്രസ് പാർട്ടിക്ക് പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ല. മൊയിസു മന്ത്രിമാരാക്കിയ നാലു പേരെ അംഗീകരിക്കില്ലെന്ന് പാർലമെന്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ പാർട്ടികൾ നിലപാട് എടുത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ഇതിനെച്ചൊല്ലിയാണ് അംഗങ്ങൾ ഏറെ നേരം തമ്മിലടിച്ചത്. മന്ത്രിമാരെ അംഗീകരിക്കില്ലെന്ന നിലപാട് പ്രതിപക്ഷം കടുപ്പിച്ചതോടെ മൊയിസു സർക്കാർ കടുത്ത പ്രതിസന്ധിയിലാണ്. വിദേശകാര്യത്തിൽ അടക്കം മൊയ്‌സുവിന്റെ നയങ്ങൾ രാജ്യത്തിന് ആപത്താണ് എന്നാണ് പ്രതിപക്ഷം വാദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *