ഓപ്പറേഷൻ താമരയില്ല, വാർത്തകൾ തളളി ബിഹാർ കോൺഗ്രസ് നേതൃത്വം; പാർട്ടി ഒറ്റക്കെട്ട്, എംഎൽഎമാരുമായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചു

‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേർന്നതായി ബിഹാർ കോൺഗ്രസ് അറിയിച്ചു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടാണെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും പാർട്ടി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

പൂർണിയയിൽ വൈകീട്ടായിരുന്നു യോഗം. ചത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അജയ് കപൂർ, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ്, നിയമസഭാ കക്ഷി നേതാവ് ഡോ. ഷക്കീൽ അഹമ്മദ് ഖാൻ, ലെജിസ്ലേറ്റീവ് കൗൺസിൽ നേതാവ് ഡോ. മദൻ മോഹൻ ഝാ തുടങ്ങി പ്രമുഖ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. മുഴുവൻ എം.എൽ.എമാരും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചതായി ബിഹാർ കോൺഗ്രസ് എക്‌സ് പോസ്റ്റിൽ അറിയിച്ചു.

നേരത്തെ, മാധ്യമവാർത്തകൾ തള്ളി ഷക്കീൽ അഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് എം.എൽ.എമാരെക്കുറിച്ച് പ്രചരിപ്പിക്കുന്ന കിംവദന്തികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ഷക്കീൽ അഹമ്മദ് ഖാൻ വ്യക്തമാക്കി.

കോൺഗ്രസിന്റെ ഒൻപത് എം.എൽ.എമാരെ കാണാനില്ലെന്നും ഇതേതുടർന്ന് ഇന്നു നടക്കേണ്ട കോൺഗ്രസ് നിയമസഭാ കക്ഷിയോഗം റദ്ദാക്കിയതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇന്നു രാവിലെ 11നായിരുന്നു കോൺഗ്രസിന്റെ നിയമസഭാ കക്ഷിയോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ, ആകെയുള്ള 19 എം.എൽ.എമാരിൽ പകുതിയിലേറെ പേരെയും ബന്ധപ്പെടാനാകാത്തതിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയിലേക്കു മാറ്റി.

എന്നാൽ, ഉച്ചയ്ക്കും ഇവരെ ബന്ധപ്പെടാനായില്ല. തുടർന്നാണു യോഗം റദ്ദാക്കിയതെന്നായിരുന്നു റിപ്പോർട്ട്. ഇവരെ ബി.ജെ.പി ചാക്കിട്ടുപിടിക്കാൻ നീക്കം നടത്തുന്നതായായിരുന്നു പുറത്തുവന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *