ഉത്തരാഖണ്ഡിൽ പുരോഹിതനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമൽ ക്ഷേത്രത്തിൽ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ള പവൻ, ക്ഷേത്രത്തിലെ മുൻ സേവദാർ കാളീചരൺ, അഘോരി ബാബ രാംപാൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം.

ജനുവരി നാല്, അഞ്ച് തിയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാളീചരണും രാംപാലും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ എത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. ഭക്ഷണം കഴിച്ചശേഷം ഇരുവരും ക്ഷേത്രപരിസരത്ത് തങ്ങി. രാത്രിയിൽ ഇരുവരും മദ്യം കഴിക്കുകയായിരുന്നെന്നും ബാബ ഹരിഗിരി അവരെ ശകാരിച്ചതിനെ തുടർന്ന് ഇരുവരും സ്ഥലത്തു നിന്നും പോവുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

പിന്നീട് ഇവർ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും രാത്രിയിൽ ക്ഷേത്ര പൂജാരി ബാബ ഹരിഗിരി മഹാരാജിനെയും, അക്രമം തടയാനെത്തിയ സേവദാർ രൂപയെയും വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സീനിയർ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടി.സി വ്യക്തമാക്കുന്നു.

പുരോഹിതനിൽ നിന്ന് മോഷ്ടിച്ച 4,700 രൂപ, മൊബൈൽ, ഇന്‍റർനെറ്റ് ഡോംഗിൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഇല്ലാതിരുന്നതിനാൽ അന്വേഷണം വെല്ലുവിളിയായിരുന്നെന്നും പോലീസ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *