മിഷൻ തണ്ണീർ വിജയകരം; തണ്ണീർകൊമ്പന് മയക്കുവെടി വച്ചു, കുങ്കിയാനകളെ ഉടൻ സമീപം എത്തിക്കും

12 മണിക്കൂറിലധികമായി വയനാട്ടിലെ മാനന്തവാടിയിലെ മുൾമുനയിൽ നിർത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാൻ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കുങ്കിയാനകളെ ഉടൻ സമീപം എത്തിക്കും.

20 വയസിന് താഴെ പ്രായമുള്ള കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല.

ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസൻ ഡിവിഷനിലെ ജനവാസ മേഖലയിൽ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പൻ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോൾ വയനാട്ടിലെത്തിയ ഈ കൊമ്പൻ ഹാസനിലെ കാപ്പിത്തോട്ടത്തിൽ വിഹരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *