കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന് സംശയം, എന്നിട്ടും അഹങ്കാരം; മമത

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മമതയുടെ പരിഹാസം. ബംഗാളിലെ മുർഷിദാബാദിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘300 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചാൽ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവർക്ക് രണ്ടുസീറ്റ് ഞാൻ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോൾ അവർക്ക് കൂടുതൽ വേണം. അങ്ങനെയാണെങ്കിൽ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാൻ ഞാൻ പറഞ്ഞു. അതിനുശേഷം ഞങ്ങൾ തമ്മിൽ സംസാരമുണ്ടായിട്ടില്ല’, ബാനർജി പറഞ്ഞു.

‘എന്തിനാണ് ഇത്ര അഹങ്കാരം? നേരത്തെ നിങ്ങൾ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ ബിജെപിയെ തോൽപ്പിക്കൂ. അലഹബാദിൽ മത്സരിച്ച് വിജയിക്കൂ. നിങ്ങൾ എത്ര ധീരതയുള്ള പാർട്ടിയാണെന്ന് കാണട്ടെ’, മമത കോൺഗ്രസിനെ വെല്ലുവിളിച്ചു.

ഭാരത് ന്യായ് യാത്ര സംസ്ഥാനത്തുകൂടി കടന്നുപോയത് അനൗദ്യോഗിക വഴികളിലൂടെ അറിഞ്ഞതിലുള്ള നിരാശയും അവർ പങ്കുവെച്ചു. ‘ബംഗാളിലേക്ക് ഒരു പരിപാടിക്കായി അവർ വന്നപ്പോൾ ഇന്ത്യ മുന്നണിയിലെ അംഗമായ എന്നെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിച്ചില്ല. മറ്റ് ഉറവിടങ്ങളിൽ നിന്നാണ് ഞാനത് അറിഞ്ഞത്. കോൺഗ്രസും സിപിഎമ്മും ഇപ്പോൾ ബംഗാളിലെ മുസ്ലീംങ്ങളെ പ്രീതിപ്പെടുത്താൻ ഇറങ്ങിയതാണ്’, മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *