തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; 5 അംഗ ഉന്നത സമിതി അന്വേഷിക്കും, വാർത്ത നടുക്കമുണ്ടാക്കിയെന്ന് എകെ ശശീന്ദ്രൻ

തണ്ണീർ കൊമ്പന ചരിഞ്ഞുവെന്ന വാർത്ത നടുക്കമുണ്ടാക്കിയെന്നും അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിൽ മാത്രമെ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കർണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്‌മോർട്ടം നടത്തുക.വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയച്ചാൽ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതർ അറിയിച്ചത്.

ഈ ഘട്ടത്തിൽ ഊഹാപോഹങ്ങൾ പറയുന്നത് ഉചിതമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലെ കാരണങ്ങൾ വ്യക്തമാകുകയുള്ളു. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങൾ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടർനടപടികളും സുതാര്യമാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *