പ്രമേഹരോഗികൾക്കുള്ള പുതിയ മരുന്നിന് ബഹ്‌റൈനിൽ അംഗീകാരം

പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന പുതിയ ഇൻജക്‌ഷന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായകരമാകുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇൻജക്‌ഷൻ ഉപയോഗിക്കുന്നതിനാണ് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകിയിരിക്കുന്നത്.

പൊണ്ണത്തടി, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഗുണകരമാകുന്ന മരുന്നുകള്‍ നൽകാനുള്ള രാജ്യ താൽപ്പര്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് നിലവിലുള്ള ലൈസൻസിങ് സംവിധാനങ്ങൾക്കനുസൃതമായി അനുമതി നൽകിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ മരുന്ന് രാജ്യത്തെ ഫാർമസികളിൽ ലഭ്യമാണെന്നും മെഡിക്കൽ കുറിപ്പടികൾക്കനുസൃതമായി മാത്രം ഉപയോഗിക്കണമെന്നും എൻഎച്ച്ആർഎ സൂചിപ്പിച്ചു. വിപണിയിൽ ഈ മരുന്ന് നൽകുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ബഹ്‌റൈൻ. എല്ലാ മരുന്നുകളെയും ഫാർമസ്യൂട്ടിക്കലുകളെയും കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്താനും അവയുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത തങ്ങൾക്കുണ്ടെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *