നഷ്ടപ്പെട്ട പട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ദുബൈയിലെ കുടുംബം. കഡിൽസ് എന്ന് പേരിട്ടിരിക്കുന്ന മൂന്ന് വയസ്സുള്ള കൊക്കപ്പൂ ഇനത്തിലുള്ള പട്ടിയെ ആണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച എമിറേറ്റ്സ് എയർലൈൻ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ അൽ ഗർഹൂദിൽവെച്ച് വളർത്തു മൃഗങ്ങളെ മാറ്റിപ്പാർപ്പിക്കുന്ന കമ്പനിയുടെ കാറിൽ നിന്ന് പട്ടി ഓടിപ്പോവുകയായിരുന്നു. കമ്പനി പട്ടിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നിരാശരായ കുടുംബം പട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിക്കുകയായിരുന്നു.
പട്ടിയെ കണ്ടെത്തുന്നവർക്ക് ഒരുലക്ഷം ദിർഹം സമ്മാനം നൽകുമെന്നുകാണിച്ച് കുടുംബം അയൽ പ്രദേശങ്ങളിൽ നോട്ടീസ് വിതരണം ചെയ്തിരിക്കുകയാണ്. ശനിയാഴ്ച അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ വൈകീട്ട് 6.40 നാണ് പട്ടിയെ അവസാനമായി കണ്ടത്. പട്ടിയുടെ തിരോധാനത്തിൽ കുടുംബ അതീവ ദുഃഖിതരാണെന്നും പാരിതോഷികം സംബന്ധിച്ച വാർത്ത സത്യമാണെന്നും കുടുംബത്തിന്റെ വക്താവ് അറിയിച്ചു. പട്ടിയെ തിരികെ ഏൽപിക്കുന്നവരോട് ഒരു ചോദ്യവും ഉന്നയിക്കില്ലെന്നും പണം നൽകുമെന്നുമാണ് കുടുംബം വാഗ്ദാനം ചെയ്യുന്നത്. ദുബൈയിൽ ഇതിനുമുമ്പും സമാന രീതിയിൽ പട്ടിയെ കാണാതായിരുന്നു. തുടർന്ന് കുടുംബം 1000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ചു. ഭാഗ്യവശാൽ 10 ദിവസത്തിനകം പട്ടിയെ കണ്ടെത്തി.