മാറ്റത്തിന് ഒരുങ്ങി സൂപ്പർ കപ്പ്; ഇനി എഫ് എ കപ്പ് മാതൃകയിൽ മാസങ്ങൾ നീണ്ട് നിൽക്കും

ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ അടിമുടി മാറ്റത്തിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. വരാനിരിക്കുന്ന സീസൺ മുതൽ ഏഴ് മാസത്തോളം നീണ്ടുനിൽക്കുന്ന വിധത്തിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടിലെ എഫ് എ കപ്പ് മാതൃകയിലാക്കാനാണ് തീരുമാനം. നിലവിൽ ഒരു മാസത്തിൽ താഴെയാണ് ചാമ്പ്യൻഷിപ്പിന്റെ ദൈർഘ്യം. ഇത്തവണത്തെ സൂപ്പർ കപ്പ് ജനുവരി എട്ടിന് തുടങ്ങി ജനുവരി 28ന് അവസാനിച്ചിരുന്നു. ഫൈനലിൽ ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ഈസ്റ്റ്ബംഗാൾ കിരീടവും ചൂടി. ഐഎസ്എൽ-ഐലീഗിലെ 16 ക്ലബുകളാണ് പരസ്പരം മാറ്റുരക്കുന്നത്. ഒഡീഷയിലെ ബുവനേശ്വറാണ് ഇത്തവണ സൂപ്പർകപ്പ് വേദിയായത്.

പുതിയ സീസൺ 2024 ഒക്ടോബർ ഒന്നിന് തുടങ്ങുന്ന വിധത്തിലാണ് ക്രമീകരിച്ചത്. മെയ് 15 വരെ നീണ്ടുനിൽക്കും. മത്സര ക്രമം ദീർഘിപ്പിക്കുന്നത് കളിക്കാർക്കും ഐഎസ്എൽ ക്ലബിനും ആശ്വാസമായേക്കും. നിലവിൽ ഐഎസ്എൽ നിർത്തിവെച്ചാണ് സൂപ്പർകപ്പ് നടത്തിവരുന്നത്. ഈ വർഷത്തെ ഫുട്‌ബോൾ കലണ്ടറും ഫുട്‌ബോൾ ഫെഡറേഷൻ പുറത്തുവിട്ടു. സാധാരണയായി 12 റൗണ്ടുകളും സെമി ഫൈനലും ഫൈനലുമാണ് എഫ് എ കപ്പിനുള്ളത്.

ഏതെങ്കിലും റൗണ്ടിൽ രണ്ട് ടീമുകൾ തമ്മിലുള്ള മത്സരം സമനിലയായാൽ അവ വീണ്ടും ഒരിക്കൽ കൂടെ നടത്തും. അവിടെയും സമനിലയിലാണെങ്കിൽ എക്‌സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീളും. സെമി ഫൈനൽ മത്സരങ്ങൾ ഒറ്റ പാദമായാണ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *