പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; എ എസ് ഐയ്ക്കെതിരെ പരാതി നൽകി പെൺകുട്ടി

പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ എ.എസ്.ഐയ്ക്കെതിരെ പരാതി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ.പി നസീമിനെതിരെയാണ് പരാതിയുമായി പെൺകുട്ടി രംഗത്ത് എത്തിയിരിക്കുന്നത്. തോന്നയ്ക്കലിൽ നടന്നുകൊണ്ടിരിക്കുന്ന സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായി സേവനം അനുഷ്ഠിച്ച പെൺകുട്ടിയാണ് പരാതി ഉന്നയിച്ചത്.

തിങ്കളാഴ്ച രാത്രി ഒൻപതു മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത് എന്നു പറയുന്നു. സയൻസ് ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ വോളണ്ടിയമാരായ വിദ്യാർത്ഥികൾക്ക് എ.എസ്.ഐ നമ്പർ നൽകിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ച് അറിയിക്കാനാണ് നമ്പർ നൽകിയത്. ഇതോടൊപ്പം പെൺകുട്ടിയുടെ നമ്പർ എ.എസ്.ഐയും വാങ്ങിയിരുന്നു. തിങ്കളാഴ്ച പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി എ.എസ്.ഐ വിളിക്കാൻ ആരംഭിച്ചു. അതിനുശേഷം വീഡിയോ കോൾ വഴിയും ഇയാൾ പെൺകുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചു. നിരന്തര ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി കോൾ കട്ട് ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ കോൾ കട്ട് ചെയ്താലും വീണ്ടും തുടരെത്തുടരെ ഇയാൾ വിളിച്ചു കൊണ്ടിരുന്നു.

തുടർന്ന് വിദ്യാർത്ഥിനി തന്റെ കൂടെയുള്ള മറ്റ് വോളണ്ടിയർമാരോടൊപ്പം എ.എസ്.ഐയെ നേരിട്ട് കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇയാൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. തുടർന്ന് പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

എ.എസ്.ഐ കെ.പി നസീമിനെതിരെ ഇതിനുമുമ്പും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. നേരത്തെ കൊല്ലത്ത് ജോലി ചെയ്തിരുന്ന ഇയാളെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോഴാണ് സമാനമായ നടപടി നേരിട്ടത്. പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പരിൽ രാത്രികാലങ്ങളിൽ മദ്യപിച്ച് വീഡിയോ കോൾ ചെയ്യുന്നതാണ് ഇയാളുടെ രീതി. എന്നാൽ ഭയന്ന് പലരും പരാതിപ്പെടാറില്ല. എ.എസ്.ഐക്കെതിരെ സ്‍പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *