കർണാടകയിലെ റായ്ചുർ ജില്ലയിൽ കൃഷ്ണാ നദിക്കു സമീപം മഹാവിഷ്ണുവിന്‍റെ പത്ത് അവതാരങ്ങളെയും ചിത്രീകരിക്കുന്ന പുരാതന “ദശാവതാര’വിഗ്രഹം കണ്ടെത്തി. അയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹവുമായി ഇതിനു വളരെയധികം സാമ്യമുണ്ട്. പുരാവസ്തു ഗവേഷകർ ഈ സുപ്രധാന കണ്ടെത്തലിനൊപ്പം പുരാതന ശിവലിംഗവും കണ്ടെത്തി.
ക്ഷേത്രത്തിന്‍റെ നാശത്തിനിടയിൽ വിഗ്രഹം നദിയിൽ മുങ്ങിയതായിരിക്കാമെന്നു ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും സ്പെഷലൈസ് ചെയ്ത അധ്യാപിക ഡോ. പത്മജ ദേശായി പഞ്ഞു. വിഷ്ണു വിഗ്രഹത്തെ വേറിട്ടുനിർത്തുന്നത് ഇതിന്‍റെ പ്രത്യേകതകളാണ്. വിഷ്ണുവിനു ചുറ്റുമുള്ള പ്രഭാവലയം മത്സ്യം, കൂർമ, വരാഹ, നരസിംഹം, വാമനൻ, രാമൻ, പരശുരാമൻ, കൃഷ്ണൻ, ബലരാമൻ, കൽക്കി എന്നിവരുൾപ്പെടെയുള്ള “ദശാവതാരങ്ങൾ’ വിഗ്രഹത്തിലുണ്ട്.
മഹാവിഷ്ണുവിനെ നാലു കൈകളോടെയാണു ചിത്രീകരിച്ചിരിക്കുന്നത്. മുകളിലുള്ള കൈകൾ ശംഖവും ചക്രവും പിടിച്ചിരിക്കുന്നു. താഴത്തെ കൈകൾ വരം നൽകുന്ന അവസ്ഥയിലാണ്. മാലകളും ആഭരണങ്ങളും കൊണ്ടു വിഗ്രഹം അലങ്കരിച്ചിരിക്കുന്നു. വിഗ്രഹം പതിനൊന്ന് അല്ലെങ്കിൽ പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു. കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്ന് പത്മജ ദേശായി പറഞ്ഞു.