കേന്ദ്ര സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി കോൺഗ്രസ്

കേന്ദ്ര സർക്കാരിനെതിരെ ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കി കോൺഗ്രസ്. ‘ദസ് സാൽ അന്യായ് കാൽ’ എന്ന പേരിൽ കോൺഗ്രസ് അധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെയാണ്  ‘ബ്ലാക്ക് പേപ്പർ’ പുറത്തിറക്കിയത്. യുപിഎ സർക്കാരിന്‍റെ  കാലത്തെ ധനകാര്യ മാനേജ്മന്‍റിനെക്കുറിച്ച് കേന്ദ്ര സർക്കാർ  പാർലമെന്‍റില്‍ ധവളപത്രമിറക്കാനിരിക്കെയാണ് കോൺഗ്രസ് നീക്കം. തുടർന്ന് മാധ്യമങ്ങളെ കണ്ട ഖാർഗെ ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുകയാണെന്ന് പറഞ്ഞു.

കർണാടകയക്കും തെലങ്കാനയ്ക്കുമൊപ്പം കേരളത്തിന്‍റെ  അവസ്ഥ കൂടി ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.  രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് ബിജെപി മിണ്ടുന്നില്ലെന്നും രാജ്യത്തിന്റെ ജനാധിപത്യം കഴിഞ്ഞ പത്ത് വർഷമായി അപകടത്തിലാണെന്നും ഖാർഗെ പറഞ്ഞു.

അതേസമയം കോൺഗ്രസിന്‍റെ  ബ്ലാക്ക് പേപ്പറിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹാസവുമായി രംഗത്ത് വന്നു. കോൺഗ്രസിന്‍റെ ബ്ലാക്ക് പേപ്പർ സർക്കാരിന്‍റെ  നല്ല നേട്ടങ്ങൾക്ക് ദൃഷ്ടി ദോഷം സംഭവിക്കാതെയിരിക്കാനുള്ള കറുത്ത പൊട്ടാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ഇതിന് ഖാർഗെയോട് നന്ദിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *